ഫോര്‍ട്ടുകൊച്ചി: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയുടെ പ്രതിഷേധ പരിപാടികളില്‍ അണിനിരന്ന് പശ്ചിമകൊച്ചി. തീരജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമായി കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികര്‍ നടത്തിയ ഉപവാസ ധര്‍ണയിലും വൈകുന്നേരം നടന്ന റാലിയിലും സമാപന സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. തീരശോഷണം തടയാനും കടലിന്റെ മക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ബാധ്യസ്ഥപ്പെട്ടവര്‍ വന്പരാജയമാണെന്നതിന്റെ തെളിവാണ് അടിക്കടി ഉണ്ടാകുന്ന കടലാക്രമണമെന്ന് ബിഷപ് പറഞ്ഞു.
തോപ്പുംപടി ബിഒടി ജംഗ്ഷനു സമീപം നടന്ന സമാപന ചടങ്ങില്‍ കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, സംസ്ഥാന വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, സന്തോഷ് കൊടിയനാട് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വൈദികരുടെ ഉപവാസ ധര്‍ണയില്‍ 200ലേറെ വൈദികര്‍ പങ്കെടുത്തു. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉപവാസധര്‍ണ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചി രൂപത ചാന്‍സലര്‍ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തൻവീട്ടില്‍, ഫാ. ആന്റണി കുഴിവേലി, ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍, ഫാ. സോളമന് ചാരങ്ങാട്ട്, ഫാ. ആന്റണി ടോപ്പോള്‍, ഫാ. ജോഷി മയ്യാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളുരുത്തിയില്‍ നിന്നാരംഭിച്ച ബഹുജന റാലി കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസും സാന്തോമില് നിന്നാരംഭിച്ച റാലി ഫാ. ജോപ്പന് അണ്ടിശേരിയും ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍, ഫാ. സെബാസ്റ്റിയന് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോപ്പി കൂട്ടുങ്കല്‍, ഫാ. ആന്റണി വലിയവീട്ടില്‍, ഫാ. റാഫി പര്യാത്തുശേരി, ഫാ. ആന്റണി പുളിക്കല്‍, മെറ്റില്‍ഡാ മൈക്കിള്‍, പീറ്റര്‍ പി. ജോര്‍ജ്, പോള്‍ ബെന്നി പുളിക്കല്‍, മാര്‍ഗരേറ്റ് ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.